ഹമീദ് ദല്‍വായ് |
സ്വയം
നവീകരിക്കാന്‍ വിസമ്മതിച്ച മത-പുനരുത്ഥാന വാദികളായിരുന്നു മുസ്ലീംങ്ങള്‍
എന്നതാണ് അവര്‍ ഇന്നും പിന്നോക്കരായിരിക്കാന്‍ കാരണം. ഭാരതീയ മുസ്ലീം
നവോത്ഥാനത്തിന്‍റെ അഗ്രദൂതനായ ഒരു ദീര്‍ഘവീക്ഷകനായിരുന്നു സര്‍
സയ്യദ് അഹമ്മദ്‌ഖാനെന്നു ഇതിന്‍റെ വെളിച്ചത്തില്‍ നമുക്ക് കാണാന്‍ കഴിയും.
അദ്ദേഹത്തിന്‍റെ കഠിന പ്രയത്നം കൊണ്ടായിരുന്നു ഇന്ത്യന്‍ മുസ്ലീംങ്ങളുടെ
മതപരമായ കാര്‍ക്കശ്യത്തിനു അല്പ്പമെങ്കിലും അയവുവരാന്‍ തുടങ്ങിയത്.
ഇതേതുടര്‍ന്നു, വിദ്യാസമ്പന്നരായ മുസ്ലീംങ്ങള്‍ ആധുനിക
യുഗത്തിന്‍റെ ജീവിതരീതിക്ക് അനുരൂപമായി തങ്ങളുടെ ജീവിതത്തെ
പുനര്‍നിര്‍വചിക്കാന്‍ തുടങ്ങി. ഇന്ത്യയെ ഇസ്ലാമികവത്കരിക്കാനുള്ള അവരുടെ
മോഹന സ്വപ്‌നങ്ങള്‍ അവര്‍ വേണ്ടെന്നുവെച്ചു. അഭ്യസ്തവിദ്യരായ ഇന്ത്യന്‍
മുസ്ലീംങ്ങളുടെ ഇടയില്‍ ഒരു വലിയ മാറ്റത്തിനു, സാമൂഹ്യ പരിവര്‍ത്തനത്തിന്,
ഇതു തുടക്കംകുറിച്ചു. ഇന്ത്യന്‍ മുസ്ലീംങ്ങളെ
ഹിന്ദുമതവിശ്വാസികളോടടുപ്പിക്കാനും മാനവസമുദായത്തെക്കുറിച്ചുള്ള
തങ്ങളുടെ ധാരണകളെ വിശാലമാക്കാനും ഈ മാറ്റങ്ങളാണ് സഹായിക്കേണ്ടിയിരുന്നത്.
ഹിന്ദു-മുസ്ലീം മതവിശ്വാസികളെ തുല്യനിലയില്‍ക്കാണുന്ന ഒരു വൈചാരിക
മനോഭാവത്തിലേക്കായിരുന്നു ഈ മാറ്റങ്ങളുടെ ഗതി.
എന്നാല്‍,
ഈ നിയുക്തജോലി ഏറ്റെടുക്കാനുള്ള ഇന്ത്യന്‍ മുസ്ലീംങ്ങളുടെ അപ്രാപ്തികാരണം
ഈ മാറ്റങ്ങള്‍ വിപരീതദിശയിലേക്കുനീങ്ങി. അലിഗഡ് നവോത്ഥാനത്തെ അതിന്‍റെ
പൂര്‍ണതയിലെത്തിക്കാന്‍ ശേഷിയില്ലാത്തവിധം പരിമിതവും ശുഷ്കവുമായിരുന്നു
അവരുടെ ആധുനികത. വിരോധാഭാസമെന്നുപറയട്ടെ, ഹിന്ദു-മുസ്ലീം വിശ്വാസികളെ
ഒരുമിപ്പിക്കുന്നതിനുപകരം ഈ മാറ്റങ്ങള്‍ അവരെ പരസ്പരം അകറ്റി. തങ്ങളുടെ സകല
വൈഷമ്യങ്ങള്‍ക്കും കാരണക്കാരായി ഹിന്ദുമത വിശ്വാസികളെ കുറ്റപ്പെടുത്തുന്ന ആ
പഴയ പതിവ് തിരിച്ചുവരികയും അത് എന്നന്നേക്കാളും കൂടുതല്‍ രൂഡമൂലമാകുകയും
ചെയ്തു. മത ഭ്രാന്ത് എന്ന തിന്മയില്‍നിന്നും മുക്തനായിരുന്നു സര്‍
സയ്യദ് അഹമ്മദ്‌ഖാനെങ്കിലും, മുഗള്‍
പാരംമ്പര്യത്തിന്‍റെ അനന്തരാവകാശികളെന്നു ഭൂതകാല മഹിമയില്‍ ആവേശം കൊള്ളുക
എന്ന ദുരഭിമാനത്തില്‍ നിന്നും അദ്ദേഹം സ്വതന്ത്രനായിരുന്നില്ല. ഒരു മതാതീത
ദേശീയബോധം ഉരിത്തിരിഞ്ഞു വരാന്‍ സാധ്യതയുണ്ടായിരുന്ന ആ കാലഘട്ടത്തില്‍,
മുസ്ലീംങ്ങള്‍ ഇന്ത്യയെ കീഴടക്കിയവരാണെന്ന ഗര്‍വിഷ്ഠ ധാരണയ്ക്കു അദ്ദേഹം
വശംവദനായി. ഒരു വിഭിന്ന മുസ്ലീം ദേശീയവാദത്തിന്‍റെ പിതാവും
അദ്ദേഹമായിരുന്നു, ജിന്നയാണ് അതിന്‍റെ ഉപജ്ഞാതവേന്നൊരു
തെറ്റിദ്ധാരണയുണ്ടെങ്ങിലും. സര്‍ സയ്യദിന്‍റെ പുതുക്കിയതും
വികസിപ്പിച്ചതുമായ ഒരു പില്‍ക്കാല പതിപ്പ് മാത്രമായിരുന്നു ജിന്ന. അങ്ങിനെ,
വഴിമാറി സഞ്ചരിച്ച ഒരു ആധുനിക മുസ്ലീംതന്നെയായി മുസ്ലീം വിഭജന വാദത്തിനും
തുടര്‍ന്നു പാകിസ്ഥാന്‍ രൂപീകരണത്തിനും കാരണക്കാരന്‍. ഹിന്ദു,
മുസ്ലീം സമൂഹങ്ങള്‍ സ്വയംഭരണാധികാരമുള്ളതും സമാന്തരവുമായ രണ്ടു വ്യത്യസ്ത
സാമൂഹ്യഘടനകളാണെന്ന സങ്കല്‍പ്പമാണ് മുസ്ലീം ദേശീയവാദത്തിന്‍റെ അടിത്തറ...
വല്ലൊപ്പോഴുമൊരിക്കല്‍
മാത്രമാണ് സ്വന്തം ഭാവി നിര്‍ണയിക്കാനുള്ള ഒരു അവസരം ഒരു വ്യക്തിക്കോ
സമൂഹത്തിനോ ലഭിക്കുന്നത്. ദിയോഭാന്‍ഡിലെ ഉലമയുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി
ഇംഗ്ലീഷ് വിദ്യാഭ്യാസം നിരാകരിച്ചപ്പോള്‍, ഹിന്ദുക്കളോടൊപ്പം ആധുനികതയെ
ആശ്ലേഷിക്കാനുള്ള ഒരപൂര്‍വ്വാവസരം മുസ്ലീംങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ചരിത്രം
അവര്‍ക്ക് വീണ്ടും ഒരവസരം കൂടി നല്‍കി - ഹിന്ദുക്കളോടൊപ്പംചേര്‍ന്ന്
ഇന്ത്യന്‍ ദേശീയതയെ ശക്തിപ്പെടുത്താനുള്ള ഒരവസരം. ഹിന്ദു,
മുസ്ലീം സമൂഹങ്ങള്‍ സ്വയംഭരണാധികാരമുള്ളതും സമാന്തരവുമായ രണ്ടു വ്യത്യസ്ത
സാമൂഹ്യഘടനകളാണെന്ന തെറ്റിദ്ധാരണക്കു വഴങ്ങിയപ്പോള്‍ ഈ അവസരവും അവര്‍ക്ക്
പാഴായി. അവര്‍ ഇതുവരെ ജീവിച്ചതും ഭാവിയില്‍ ജീവിക്കുന്നതും
എവിടെയാണെന്ന് അവര്‍ പരിഗണിക്കാന്‍ വിസമ്മതിച്ചു. ഭൂമിശാസ്ത്രപരമായ
യാഥാര്‍ഥ്യങ്ങളെപ്പോലും അവര്‍ ഒട്ടും ഗൌനിച്ചില്ല. ഇന്ത്യയിലെ
മുസ്ലീംങ്ങള്‍ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കുറിച്ചുള്ള അന്വേഷണം
നമ്മെ എത്തിക്കുക പാഴാക്കിയ ഈ രണ്ടവസരങ്ങളിലേക്കായിരിക്കും. ഒരു
നൂറ്റാണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ഒരവസരം പാഴാക്കിയാല്‍, ആ നഷ്ടം
പരിഹരിക്കാന്‍ മറ്റൊരു നൂറ്റാണ്ട് വേണ്ടിവരും...
വിമര്‍ശനാത്മകമായി ഒരു
ആത്മപരിശോധനനടത്താന്‍ തയ്യാറുള്ള ഒരു വിഭാഗം ഇന്ത്യയിലെ യുവ
മുസ്ലീംങ്ങള്‍ക്കിടയിലില്ല എന്നത് ദൌര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്.
തങ്ങളുടെയിടയിലെ വര്‍ഗീയവാദത്തിനു ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്ന ഒരു
സമൂഹത്തെ ആത്മാവലോകനംചെയ്യുന്നവരെന്നു വിശേഷിപ്പിക്കാനാവില്ല. മുസ്ലീം
വര്‍ഗീയതയ്ക്ക് കാരണം ഹിന്ദുവര്‍ഗീയതയാണെങ്കില്‍, ഹിന്ദുവര്‍ഗീയതയ്ക്ക്
കാരണക്കാര്‍ മുസ്ലീംങ്ങളാണെന്നും അതേ യുക്തിയുപയോഗിച്ചു പറയാന്‍ പറ്റും.
സത്യാവസ്ഥ എന്തെന്നുവച്ചാല്‍, മുസ്ലീംങ്ങള്‍ ഒരു സമാന്തര സമൂഹമാണെന്ന
തങ്ങളുടെ സങ്കല്പത്തെ കയ്യൊഴിയാന്‍ മുസ്ലീം ബുദ്ധിജീവികള്‍ ഇതുവരെ
തയ്യാറായിട്ടില്ലെന്നതാണ്. മതവിശ്വാസത്തെ രാഷ്ട്രീയത്തില്‍നിന്നും
വേര്‍പെടുത്താന്‍ അവര്‍ ഇനിയും പഠിച്ചിട്ടില്ല. ഇന്ത്യയിലെ മുസ്ലീം
സമൂഹ്യഘടനയില്‍ ഒരു മാറ്റവുമരുതെന്ന ഒരൊറ്റ വിശ്വാസം മാത്രമാണ് മത
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവരുടെ ഒരേയൊരു ധാരണ. അടിസ്ഥാനപരമായി,
അവരിന്നും 'മുസ്ലീം ദേശീയവാദികള്‍' തന്നെയാണ്. ദേശീയതയെക്കുറിച്ചുള്ള
ആധുനിക വിചാരധാരയെ സ്വീകരിക്കാന്‍ അവര്‍ ഇനിയും തയ്യാറല്ല;
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രവ്യവസ്ഥയില്‍ മുസ്ലീം ദേശീയതയുമായി ബന്ധപ്പെട്ട
പ്രവണതകളെ നിലനിര്‍ത്താന്‍ അവര്‍ പാടുപെടുന്നതും അതുകൊണ്ടുതന്നെ...
ഇന്ത്യന്‍
മുസ്ലീംങ്ങളിലെ യുവതലമുറ ഈ വെല്ലുവിളി സ്വീകരിക്കുമോ? തങ്ങളെ സ്വയം
സ്വതന്ത്രമാക്കാനും ആധുനികവല്‍ക്കരിക്കാനും അവര്‍ക്ക് ലഭിക്കുന്ന
മൂന്നാമത്തെ, ഒരുപക്ഷെ അവസാനത്തേതായിരിക്കാനും മതി, അവസരമായിരിക്കും ഇത്.
അവരതു വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുമെങ്കില്‍, ഒരാധുനിക ലിബറല്‍
പാരംമ്പര്യത്തിലൂന്നിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ തങ്ങള്‍ക്കു
മുമ്പ് ലഭിച്ച അവസരങ്ങളെ പാഴാക്കിയത് പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും.
ചരിത്രത്തിന്‍റെ മുന്‍വിധികളെ തീര്‍ത്തും നിരാകരിക്കല്‍ മാത്രമാണ്,
ഇന്ത്യന്‍ മുസ്ലീംങ്ങള്‍ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഒരേയൊരു
ഫലപ്രദമായ പോംവഴി. ചരിത്രവും പാരംമ്പര്യവും നല്‍കിയ
തെറ്റിദ്ധാരണകളില്‍നിന്ന് മുക്തമായാല്‍ മാത്രമേ അടിസ്ഥാനപരമായ
മാനുഷികമൂല്യങ്ങളില്‍മാത്രം ഊന്നിയ ഒരു സ്വതന്ത്ര, ആധുനിക
മനുഷ്യനെക്കുറിച്ച് അവര്‍ക്ക് ബോധ്യം വരികയുള്ളൂ...
മുസ്ലീം
സമൂഹം മതേതര ഇന്ത്യന്‍ സമൂഹത്തില്‍ ഇഴചേരേണ്ടത് ഒരു പൊതു ഇന്ത്യന്‍
ദേശീയതക്ക് ആവശ്യമാണ്. ഇതിനുള്ള ഒരേയൊരു പോംവഴി ആധുനികവും ഉദാരവും
മതേതരവുമായ ഒരു ചെറു മുസ്ലീം വിഭാഗത്തെ ആദ്യം വളര്‍ത്തിയെടുക്കലാണ്.
എന്നെപ്പോലുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെ. ഒരു മത
വിഭാഗത്തിനും ഒരു ആദര്‍ശ സമൂഹത്തിന്‍റെ
അടിത്തറയാകാന്‍ കെല്‍പ്പില്ലെന്നാണ് എന്‍റെ വ്യക്തിപരമായ വിശ്വാസം.
ഇതിനര്‍ത്ഥം, ഇസ്ലാംമതത്തിനോ ഹിന്ദുമതത്തിനോ ഒരു ആദര്‍ശ
സാമൂഹ്യക്രമത്തിന്‍റെ അടിത്തറ ആകാനാവില്ലെന്നാണ്. പലരും എന്നോടു
ചോദിക്കുന്ന ഒരു ചോദ്യം, വര്‍ഗീയവാദിയായ ഒരു ഹിന്ദുവില്‍നിന്നും എന്നെ
വ്യത്യസ്തനാക്കുന്നത് എന്തെന്നാണ്. ഞാന്‍ അവരില്‍നിന്നും
വ്യത്യസ്തനാകുന്നത് എങ്ങിനെയെന്നും ആ വ്യത്യാസം എത്രമാത്രം മൗലികമാണെന്നും
ഇതിനകം ഏറെക്കുറെ വ്യക്തമായിക്കാണും. എന്നിരുന്നാലും, ചില കാര്യങ്ങളില്‍
എനിക്കവരോട് യോജിപ്പുണ്ട്. ആ യോജിപ്പിന്‍റെ അതിര്‍വരമ്പുകള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കുന്നത് പ്രയോജനകരമായിരിക്കും. നമ്മുടെ നാട്ടില്‍
മുസ്ലീം വര്‍ഗീയവാദത്തിനു ഇന്ന് ശക്തമായ സാന്നിധ്യമുണ്ടെന്നകാര്യത്തില്‍
എനിക്കവരോട് യോജിപ്പുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് തുല്യമായ
അവകാശവും തുല്യഅവസരങ്ങളും ഉണ്ടായിരിക്കണമെങ്കിലും അവര്‍ക്ക് പ്രത്യക
പദവിയും വിശേഷാധികാരങ്ങളും ഉണ്ടായിരിക്കരുത് എന്ന കാര്യത്തിലും എനിക്കവരോട്
യോജിപ്പുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യയുടെനേരെ പാകിസ്ഥാന്‍
നടത്തുന്ന എല്ലാ അതിക്രമങ്ങളെയും
ശക്തമായി നേരിടേണ്ടതുണ്ടെന്നകാര്യത്തിലും എനിക്കവരോട് യോജിപ്പുണ്ട്...
എന്നാല്‍,
മുസ്ലീം വര്‍ഗീയവാദത്തെ നേരിടാന്‍ പഴഞ്ചന്‍ ഹൈന്ദവ പുനരുഥാനവാദത്തെ
ഉപയോഗിക്കുന്ന ഹിന്ദുവര്‍ഗീയവാദികളുടെ ശ്രമങ്ങള്‍
ആത്മഹത്യാപരമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. സാമൂഹ്യമായി
ഹിന്ദുക്കള്‍ കൂടുതല്‍ പുരോഗമിക്കുകയും ആധുനികവത്കരിക്കുകയും ചെയ്താല്‍
മാത്രമേ മുസ്ലീം വര്‍ഗീയതയെ പരാജയപ്പെടുത്താനാകൂ. ഹിന്ദുക്കളെ ഇനിയുമധികം
പഴഞ്ചനും മാമൂല്‍പ്രിയനും യാഥാസ്തിതികനുമാക്കിമാറ്റിക്കൊണ്ട് മുസ്ലീം
വര്‍ഗീയതയെ ഒരിക്കലും ഉന്മൂലനം ചെയ്യാനാവില്ല. ഗോവധ നിരോധനത്തിനായുള്ള
പ്രസ്ഥാനം ഉചിതമായ ഒരുദാഹരണമാണ്. കാര്‍ഷിക-സാമ്പത്തിക കാരണങ്ങളാല്‍ ഈ
നിരോധനത്തെ ഞാന്‍ എതിര്‍ക്കുന്നു. എന്നാല്‍ എന്‍റെ എതിര്‍പ്പിന്‍റെ മുഖ്യ
കാരണം സാമ്പത്തികമല്ല; ഹിന്ദുക്കളുടെ ഗോവാരാധന പ്രോത്സാഹിപ്പിച്ചാല്‍
കൂടുതല്‍ സാമൂഹ്യമായി പുരോഗമിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും
അതവര്‍ക്ക് പ്രതിബദ്ധമാകും. തങ്ങളുടെ മത
യാഥാസ്തികതയൊന്നുമാത്രമാണ് ഹിന്ദുക്കള്‍ പുറകോട്ടുപോകാനുള്ള കാരണം.
വെറും ഒരുപറ്റം മാടുകളെ തന്‍റെ സൈന്യത്തിന്‍റെ കവചമാക്കിമാറ്റിക്കൊണ്ട്
മുഹമ്മദ് ഗസ്നിക്കു ഹിന്ദു സൈന്യങ്ങളെ പരാജപ്പെടുത്താന്‍ കഴിഞ്ഞു! ആധുനിക
യുഗത്തില്‍ അത്തരം ചരിത്രങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രത്യാശിക്കുന്നു.
തങ്ങളുടെ പുരോഗതിയെ തടയുകയും സ്വാതന്ത്ര്യത്തെ അപഹരിക്കുകയും ചെയ്ത എല്ലാ
വിശ്വാസങ്ങളും ഹിന്ദുക്കള്‍ ഉപേക്ഷിക്കേണ്ടതുണ്ട്...എല്ലാവിധ മധ്യകാല മത
യാഥാസ്തികതയേയും, അത് ഹിന്ദുവിന്‍റെതായാലും മുസ്ലീമിന്‍റെതായാലും, ഞാന്‍
എതിര്‍ക്കുന്നു. അക്കാരണംകൊണ്ടുതന്നെ ഗോവധ നിരോധനത്തിനായുള്ള
പ്രസ്ഥാനത്തിനും ഞാന്‍ എതിര്‍ നില്‍ക്കുന്നു. ഈ രാജ്യത്തെ എണ്‍പത്തിയഞ്ചു
ശതമാനം ജനങ്ങളും ഹിന്ദുമത വിശ്വാസികളായതിനാല്‍ അവര്‍ കൂടുതല്‍
ഊര്‍ജസ്വലവും ആധുനികവും പുരോഗമനപരവുമായാല്‍ മാത്രമേ ഈ രാജ്യം പുരോഗമിക്കൂ. ഈ
രാജ്യം വികസിതവും ശക്തവും സമ്പല്‍സമൃദ്ധവുമായിരിക്കാന്‍ ഞാന്‍
ആഗ്രഹിക്കുന്നു; കാരണം, എന്‍റെ ഭാവി ഈ രാജ്യവുമായി
വേര്‍പെടുത്താനാകാത്തവിധം കെട്ടുപിണഞ്ഞാണിരിക്കുന്നത്. ഹിന്ദുക്കള്‍
തുടര്‍ന്നും സ്വയം മതപരമായ നൂലാമാലകള്‍ക്കുള്ളില്‍ക്കഴിഞ്ഞാല്‍ മുസ്ലീം
മതവിശ്വാസികളെ അവരുടെ യാഥാസ്ഥികത്വത്തില്‍നിന്നും
മോചിപ്പിക്കാനവര്‍ക്കാവില്ലെന്നു ഞാന്‍ ഹിന്ദു വര്‍ഗീയവാദികളോടു
പറയുന്നു. ഇന്ത്യന്‍ മുസ്ലീംങ്ങളെ ആധുനികവത്കരിക്കാന്‍ ഹിന്ദുക്കള്‍
തങ്ങളുടെ ഇടയിലെ ആധുനികവത്കരണത്തിന്‍റെ സ്രോതസ്സുക്കളെ പ്രഥമമായും
ശക്തിപ്പെടുത്തേണ്ടതുണ്ട്...
മുന്‍വിധികളും വിദ്വേഷവും
നല്‍കിയ ചരിത്രം നമുക്കെല്ലാവര്‍ക്കും ഒരു പ്രതിബന്ധമാണ്. നമ്മുടെ
ഭൂതകാലത്തിന്‍റെ മുന്‍വിധികളില്‍നിന്നും നാമെല്ലാവരും വിടുതി
നേടേണ്ടതുണ്ട്. ഹിന്ദു വര്‍ഗീയവാദികള്‍ അവരുടെ മുന്‍ധികളില്‍നിന്നും മോചനം
നേടേണ്ടതുണ്ട് . ദളിത് ജനതക്കുനേരെ തങ്ങളുടെ പൂര്‍വികര്‍
നടത്തിയ ക്രൂരതകള്‍ക്ക് ഇന്നത്തെ ബ്രാഹ്മണ യുവാക്കള്‍ ഉത്തരവാദികളല്ല;
മുഹമ്മദ് ഗസ്നിയും ഔറംഗസീബും ഹിന്ദുമത വിശ്വാസികളുടെമേല്‍ നടത്തിയ
പീഠനങ്ങള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ മുസ്ലീംങ്ങളും ഉത്തരവാദികളല്ല.
ഭാഗ്യവശാല്‍, തങ്ങളുടെ പൂര്‍വികര്‍ ചെയ്ത തെറ്റുകളുടെ മാറാപ്പുചുമക്കാനും
അവരുടെ തെറ്റുകള്‍ തിരുത്തി സാമൂഹ്യസമത്വത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളെ
ആശ്ലേഷിക്കാനും തയ്യാറായ ഒരു വിഭാഗം മനുഷ്യര്‍ ഹിന്ദുക്കളുടെ
ഇടയിലിന്നുണ്ട്. അതുപോലെ, ഔറംഗസീബിന്‍റെ തെറ്റുകള്‍ തെറ്റെന്നു
സമ്മതിക്കാനും അതു പരിഹരിക്കാനും തയ്യാറുള്ള, മതേതര പൌരത്വം സ്വീകരിക്കാന്‍
തയ്യാറുള്ള, ഒരു മുസ്ലീം വിഭാഗം ഉയര്‍ന്നുവരേണ്ടതുണ്ട്. അത്തരമൊരു
ആധുനികവും, മതേതരവും, ഊര്‍ജസ്വലവുമായ ഒരു ലിബറല്‍ വിഭാഗത്തിന്‍റെ
ആവിര്‍ഭാവവും വളര്‍ച്ചയും മാത്രമാണ് ഹിന്ദു-മുസ്ലീം വര്‍ഗീയ
പ്രശ്നങ്ങള്‍ക്കുള്ള ഫലപ്രദമായ ഉത്തരം...
ഹമീദ് ദല്‍വായ്
1932ല്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ജനിച്ചു.
തന്‍റെ ഇരുപതുകളില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ
പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍
പൂര്‍ണമായും മുഴുകി. മറാത്തി ഭാഷയില്‍
കഥകളും ലേഖനങ്ങളും എഴുതി. 1977ല്‍, 44 മത്തെ
വയസ്സില്‍, അന്തരിച്ചു.
ഈ ലേഖനം ദല്‍വായിയുടെ Muslim
Politics in India (Nachiketha Publications, Mumbai, 1968) എന്ന ഗ്രന്ഥത്തില്‍നിന്നുമുള്ളതാണ്.
രാമചന്ദ്ര ഗുഹ അടുത്തകാലത്ത് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച
Makers of Modern India (Penguin/Viking, 2010) എന്ന പുസ്തകത്തിലും ഈ ലേഖനമുണ്ട്.
ഭാഷാന്തരം:
മനോജ് തൃച്ഛംബരം